അര നൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് മാറ്റാന്‍ നല്‍കിയ പരാതി.
To
District Collector & Chairperson of Disaster Management Authority
Kottayam
Email: dcktm.ker@nic.in, dmdktm@gmail.com
Sir,
വിഷയം: അപകടാവസ്ഥയിലായ അര നൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം അടിയന്തിരമായി പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച പരാതി.
സൂചന: (1). മേല്‍ വിഷയത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് 02-06-17-ല്‍ ഞാന്‍ നല്‍കിയ പരാതി നം DCKTM/6144/2017-K7
(2). ടി പരാതിയുമായി ബന്ധപ്പെട്ട കോട്ടയം നഗരസഭയിലെ ഫയല്‍ നമ്പര്‍: PW2-13102/17
(3). അപകടാവസ്ഥ സംബന്ധിച്ച 08/03/2019-ലെ CET തിരുവനന്തപുരത്തിന്‍റെ പഠന റിപ്പോര്‍ട്ട് No CET/CCE No. 2118/17-18
(4) ടി കെട്ടിടത്തിലെ കടമുറികള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ്
1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, 1971-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അമ്പത് വര്‍ഷം പഴക്കമുള്ളതും പഴയ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്നതുമായ തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോമ്പ്ലക്സ് കെട്ടിടത്തിന്‍റെ അപകടാവസ്ഥ സംബന്ധിച്ച് സൂചന ഒന്ന് പ്രകാരം ഞാന്‍ പരാതി നല്‍കി മൂന്ന്‍ വര്‍ഷം കഴിഞ്ഞിട്ടും അപകടാവസ്ഥ ഒഴിവാക്കാന്‍ നാളിതുവരേയും യാതൊരുവിധ നടപടികളും നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാലാണ് ഈ പരാതി സമര്‍പ്പിക്കുന്നത്.
2. ടി ഷോപ്പിംഗ് കോമ്പ്ലക്സ് കെട്ടിടം അതീവ ഗുരുതരാവസ്ഥയിലാണെന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിന്റെ പഠന റിപ്പോർട്ട് ഇതോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. കോടികള്‍ ചെലവഴിച്ച് കെട്ടിടം ബലപ്പെടുത്തുകയും തുടര്‍ന്ന് വര്‍ഷാവര്‍ഷം കൃത്യമായി പരിപാലിച്ചാല്‍ പോലും പരമാവധി 10 വര്‍ഷം മാത്രമേ കെട്ടിടത്തിന് ആയുസ് ലഭിക്കൂ എന്നും ടി റിപ്പോര്‍ട്ടിലുണ്ട്. ടി റിപ്പോര്‍ട്ടില്‍ നിഷ്കര്‍ഷിച്ച പ്രകാരം ഒരു വിദഗ്ധ ഏജന്‍സിയെ കൊണ്ട് കെട്ടിടം ബലപ്പെടുത്തുന്നതിന് പകരം പെയിന്റ് അടിച്ചും പ്ലാസ്റ്റര്‍ ചെയ്തും കെട്ടിടം 'ബലപ്പെടുത്തുന്നതിന്' അന്‍പത് ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം വകയിരുത്തുക മാത്രമാണ് നഗരസഭ ആകെ ചെയ്തത്.
3. എന്റെ പരാതിയിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ട ബഹു: ജില്ലാ കലക്ടര്‍ക്ക്, കെട്ടിടത്തിന് കാര്യമായ അപകടാവസ്ഥ ഇല്ലെന്ന വസ്തുതാവിരുദ്ധമായ മറുപടി നല്കി നഗരസഭ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതുമാണ്. ഏറ്റവും ഒടുവില്‍ അപകടാവസ്ഥ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ലഭിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അപകടാവസ്ഥ ഉണ്ടെന്ന വിവരം ജില്ലാ കലക്ടറെ അറിയിക്കുന്നതിന് പോലും നഗരസഭ തയ്യാറായില്ല.
4. ഇതിനിടെ, ടി ബില്‍ഡിംഗിന്‍റെ ഒരു ഭാഗത്ത് ഗ്രൌണ്ട്, ഒന്ന് എന്നീ നിലകളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ബാര്‍ ഹോട്ടലിന്, ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടി , CET റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രകാരം ബലപ്പെടുത്തുന്നതിന് പകരം സ്വന്തം നിലയില്‍ നവീകരണ പ്രവര്‍ത്തനം നടത്താന്‍ നഗരസഭ അനുവാദം നല്‍കുകയും ആയത് പ്രകാരം നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം കെട്ടിടത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബാറിലേക്ക് ലിഫ്റ്റ് സ്ഥാപിക്കാന്‍ നഗരസഭയുടേയോ ജിയോളജി വകുപ്പിന്റെയോ അനുവാദം ഇല്ലാതെ കെട്ടിടത്തിന്റെ അടിത്തറ കുഴിച്ച് മണ്ണ് ഖനനം ചെയ്ത് പുറത്ത് കൊണ്ട് പോയിട്ടുള്ളതുമാകുന്നു.
5. ടി കെട്ടിടത്തിലെ ഗ്രൗണ്ട്, ഒന്ന് നിലകളില്‍ വര്‍ഷങ്ങളായി കാലിയായി കിടന്ന നിരവധി കടമുറികള്‍ കെട്ടിടം ബലപ്പെടുത്താതെ ഈ കോവിഡ് കാലത്ത് ധൃതി പിടിച്ച് ലേലം ചെയ്ത് കൊടുക്കാനുള്ള നടപടികളാണ് നഗരസഭയുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. പഴയ മുറികള്‍ ഇപ്പോള്‍ വാടകയ്ക്ക് കൊടുത്ത ശേഷം പിന്നീട് കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിച്ചാലും പഴയ വാടകയും ഡിപ്പോസിറ്റ് തുകയും മാത്രമേ നഗരസഭയ്ക്ക് ലഭിക്കൂ. തന്മൂലം വലിയ നഷ്ടം നഗരസഭയ്ക്ക് ഭാവിയില്‍ ഉണ്ടാകുകയും ചെയ്യും. അപകടാവസ്ഥ ഒഴിവാക്കാന്‍ കെട്ടിടത്തിന്‍റെ ഭാരം ഉടനെ കുറയ്ക്കണമെന്ന CET റിപ്പോര്‍ട്ടിന് വിരുദ്ധവുമാണ് ഈ നടപടി. അപകടാവസ്ഥ മൂലം പലരും ലേലത്തില്‍ പങ്കെടുക്കാന്‍ മടിക്കുകയും ചെയ്യുന്നുണ്ട്.
6. നാല് വര്‍ഷം മുന്‍പ് ഒരു കോടിയോളം രൂപ ചിലവഴിച്ച് ടി ഷോപ്പിംഗ് കോമ്പ്ലക്സില്‍ മൂന്നാം നിലകൂടി പണിതിരുന്നു. ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിന്റെ ബലക്ഷമത പരിശോധിക്കാതെയും കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചുമായിരുന്നു ടി നിര്‍മ്മാണം. ഭിത്തിയില്‍ മുളച്ച് വളര്‍ന്ന് വലുതായി നില്‍ക്കുന്ന ആല്‍മരങ്ങള്‍ പോലും നീക്കം ചെയ്യാതെയാണ് മൂന്നാം നില നിര്‍മ്മിച്ചത്. രണ്ടാം നിലയുടെ റൂഫിന് ചോര്‍ച്ച ഉണ്ടായിരുന്നതിനാല്‍, ചോര്‍ച്ച ഒഴിവാക്കാന്‍ എന്ന പേരില്‍ ട്രസ് വര്‍ക്ക് ചെയ്യുകയും പിന്നീട് ഭിത്തി കെട്ടിത്തിരിച്ച് എടുക്കുകയുമായിരുന്നു. എന്നാല്‍, ബലക്ഷയം മൂലം ഇതുവരേയും മൂന്നാം നില വാടകയ്ക്ക് കൊടുക്കാനായിട്ടില്ല. ഇത് മൂലം വലിയ സാമ്പത്തിക നഷ്ടം നഗരസഭയ്ക്ക് ഉണ്ടായിട്ടുള്ളതാണ്
7. നിരവധി വ്യാപാര സ്ഥാപനങ്ങളും ഉള്ള ടി ഷോപ്പിംഗ് കോമ്പ്ലക്സില്‍ ഒരു ലോഡ്ജ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്നു. പഴയ കെട്ടിടമായതിനാല്‍ വളരെ തുച്ഛമായ വാടക നല്‍കിയാണ് ടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ടി വാടകക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പൊതുജനത്തിന്റെ ജീവന്‍ വെച്ച് നഗരസഭ പന്താടുന്നത്. പൊളിച്ച് പുതിയ കെട്ടിടം പണിയുന്ന പക്ഷം കോടിക്കണക്കിന് രൂപയുടെ അധിക വരുമാനം നഗരസഭയ്ക്ക് ലഭിക്കുന്നതാണ്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും സമാനമായ രീതിയില്‍ കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥ നേരിടുന്നതാണ്. ഒരൊറ്റ കെട്ടിടം പോലും ബലപ്പെടുത്താനോ പുനര്‍നിര്‍മ്മിക്കാനോ നഗരസഭ തയ്യാറായിട്ടില്ല.
8. കോയമ്പത്തൂരിലെ സോമന്നൂരില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം 2017 സെപ്റ്റംബറില്‍ തകര്‍ന്ന്‍ വീണ് നിരവധി പേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമ്പത് വര്‍ഷം പഴക്കം ഉണ്ടായിരുന്ന പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥ മൂലം 2019-ല്‍ പൊളിച്ച് നീക്കിയിരുന്നു.
9. ആയിരക്കണക്കിന് ആളുകള്‍ ദിവസേന വന്ന് പോകുന്ന കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാന്റ് ആണ് തിരുനക്കര ബസ് സ്റ്റാന്റ്. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി, ടി കടമുറികളുടെ ലേല നടപടികള്‍ റദ്ദാക്കി, കെട്ടിടം പൂര്‍ണ്ണമായും പൊളിച്ച് നീക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്‍ വിശ്വസ്തതയോടെ
sd/-
കോട്ടയം
14-08-2020 Mahesh Vijayan
RTI & Human Rights Activist
Enclosure(s):
1. അപകടാവസ്ഥ സംബന്ധിച്ച 08/03/2019-ലെ CET തിരുവനന്തപുരത്തിന്‍റെ പഠന റിപ്പോര്‍ട്ട്.
2. കോട്ടയം ജില്ലാ കളക്ടര്‍ക്ക് 02-06-17-ല്‍ ഞാന്‍ നല്‍കിയ പരാതി.
3. അപകടാവസ്ഥ സംബന്ധിച്ച് കേരള കൌമുദിയില്‍ വന്ന പത്രവാര്‍ത്തകള്‍.
4. കടമുറികളുടെ ലേലം / ക്വട്ടേഷന്‍ സംബന്ധിച്ച നഗരസഭ അറിയിപ്പ്.

Comments
Post a Comment