
(ഉത്തരവിന്റെ പൂർണ്ണമായ മലയാള പരിഭാഷ ചുവടെ കൊടുത്തിട്ടുണ്ട്. )
വിധിന്യായം
(JUDGMENT)
(
1. ഭാരതീയ ഭരണഘടനയുടെ അനുച്ഛേദം 226 (Article 226) പ്രകാരം ഫയൽ ചെയ്തിട്ടുള്ള
ഈ രണ്ട് റിട്ട് ഹർജികളിലെയും ഹർജിക്കാരൻ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ
202/2024-ൽ പരിക്കേറ്റ വ്യക്തികളിൽ ഒരാളാണ്. മേൽപ്പറഞ്ഞ കേസിൽ 'തുടരന്വേഷണം'
(Further Investigation) നടത്തണമെന്നതാണ് W.P.(Crl.) No. 195/2026-ലെ പ്രധാന ആവശ്യം.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 202/2024, ക്രൈം നമ്പർ 211/2024 എന്നീ
കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ വ്യാജരേഖ ചമയ്ക്കലും തെളിവ് കൃത്രിമത്വവും
(alleged forgery and fabrication of evidence) സംബന്ധിച്ച് ഹർജിക്കാരൻ നൽകിയ പരാതിയിൽ
കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. (Dy.S.P.) നീതിയുക്തവും കൃത്യവുമായ അന്വേഷണം നടത്തണമെന്ന്
നിർദ്ദേശിക്കണമെന്നതാണ് W.P.(Crl.) No. 1443/2025-ൽ ഉന്നയിച്ചിട്ടുള്ള പ്രധാന ആവശ്യം.
2. ഒരു സാമൂഹിക പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന ഹർജിക്കാരനെ,
02.03.2024 തീയതിയിൽ ക്രൈം നമ്പർ 202/2024-ലെ നാല് പ്രതികൾ ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച്
ക്രൂരമായി ആക്രമിക്കുകയുണ്ടായി. പ്രസ്തുത ആക്രമണത്തിൽ, ഹർജിക്കാരനോടൊപ്പമുണ്ടായിരുന്ന
ഷാൻ കെ.ജെ. എന്ന വ്യക്തിക്ക് അക്രമികൾ ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ് പൈപ്പ് തുടങ്ങിയ
ആയുധങ്ങളാൽ ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. എന്നാൽ, പ്രതികൾ തങ്ങൾ ചെയ്ത കുറ്റകൃത്യത്തിന്റെ
ശിക്ഷാനടപടികളിൽ നിന്നും നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനായി ഈരാറ്റുപേട്ട
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മനഃപൂർവ്വം അന്വേഷണം അട്ടിമറിച്ചുവെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
കൂടാതെ, പ്രതികളുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടിയെന്നോണം പ്രസ്തുത സബ് ഇൻസ്പെക്ടർ
ഹർജിക്കാരനും സുഹൃത്തിനുമെതിരെ ക്രൈം നമ്പർ 211/2024 ആയി കേസ് രജിസ്റ്റർ ചെയ്തുവെന്നും
ആരോപിക്കപ്പെടുന്നു. ഹർജിക്കാരനും സുഹൃത്തിനുമെതിരെ നടന്ന കുറ്റകൃത്യത്തിലെ കുറ്റകൃത്യ
വിവരങ്ങൾ ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ മനഃപൂർവ്വം തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയത്
എന്നാണ് ഹർജിക്കാരന്റെ വാദം. പ്രതികളെ സഹായിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തതുമായി
ബന്ധപ്പെട്ട മഹസ്സറുകളിലും രേഖകളിലും സബ് ഇൻസ്പെക്ടർ കൃത്രിമം കാട്ടിയെന്നും, തങ്ങൾക്കെതിരെ
രജിസ്റ്റർ ചെയ്ത കേസിൽ വ്യാജരേഖകൾ ഉണ്ടാക്കിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
3. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹർജിക്കാരൻ നൽകിയ പരാതി അന്വേഷണത്തിനായി
കേരള പോലീസ് ഡയറക്ടർ ജനറൽ (DGP) കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ജില്ലാ പോലീസ്
മേധാവി പ്രസ്തുത പരാതി പാലാ ഡി.വൈ.എസ്.പി.ക്ക് അയച്ചുകൊടുത്തെങ്കിലും തുടർനടപടികളൊന്നും
ഉണ്ടായില്ല. തുടർന്ന് ഹർജിക്കാരൻ നൽകിയ രണ്ടാമത്തെ പരാതിയിന്മേൽ, ഡി.ജി.പി. ഒരു ഡി.വൈ.എസ്.പി.
തല അന്വേഷണത്തിന് ഉത്തരവിട്ടു. അതനുസരിച്ച്, ഹർജിക്കാരന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തുവാൻ
കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് നിർദ്ദേശം നൽകി. എന്നാൽ, പ്രസ്തുത കേസുകൾ
ഇപ്പോൾ പാലാ അഡീഷണൽ ജില്ലാ & സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഹർജിക്കാരൻ
കോടതി മുഖേന പരിഹാരം തേടണം എന്ന കാരണം പറഞ്ഞ് അന്വേഷണവുമായി മുന്നോട്ട് പോകാൻ ക്രൈംബ്രാഞ്ച്
ഡി.വൈ.എസ്.പി. വിസമ്മതിക്കുകയാണുണ്ടായത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സ്വീകരിച്ച ഈ
നിലപാടിലും, ക്രൈം നമ്പർ 202/2024-ൽ തുടരന്വേഷണത്തിന് ഉത്തരവിടുന്നതിൽ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയിലും മനംനൊന്താണ് ഹർജിക്കാരൻ ഈ റിട്ട് ഹർജികളുമായി ഈ കോടതിയെ
സമീപിച്ചിട്ടുള്ളത്.
4. ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്റെയും കേരള സർക്കാരിന് വേണ്ടി ഹാജരായ
പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദങ്ങൾ കോടതി കേട്ടു.
5. താഴെ പറയുന്ന കാരണങ്ങളാൽ ക്രൈം നമ്പർ 202/2024-ലെ അന്വേഷണം തികച്ചും
ന്യൂനതകൾ നിറഞ്ഞതും പിഴവുകൾ ഉള്ളതുമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു:
i) സംഭവസ്ഥലത്ത് സ്വതന്ത്ര ദൃക്സാക്ഷികൾ
ഉണ്ടായിരുന്നിട്ടും അവരെ സാക്ഷികളായി വിസ്തരിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തില്ല.
ii) പ്രതികളുടെ നിയന്ത്രണത്തിലുള്ള
കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന മൂന്ന് ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ
ഉദ്യോഗസ്ഥൻ മനഃപൂർവ്വം മറച്ചുവെച്ചു.
iii) ഹർജിക്കാരനും അഞ്ചാം സാക്ഷിയായ
(CW5) മനോജും അന്വേഷണ ഉദ്യോഗസ്ഥന് അയച്ചുകൊടുത്ത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം
പൂർണ്ണമായും അവഗണിച്ചു.
iv) കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള
നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (CDR) ശേഖരിക്കുന്നതിൽ
അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടു.
v) ആയുധങ്ങൾ, വാഹനം, മൊബൈൽ ഫോണുകൾ എന്നിവ
പിടിച്ചെടുത്തതിൽ ഗുരുതരമായ വീഴ്ചകൾ വരുത്തി. കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുള്ള
പല പ്രധാന തൊണ്ടിമുതലുകളും (Material Objects) അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തില്ല.
vi) രക്തം പുരണ്ട വസ്ത്രങ്ങൾ പോലീസ്
കസ്റ്റഡിയിലെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തില്ല.
vii) അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കിയ
പെൻഡ്രൈവ് വ്യാജമായി നിർമ്മിച്ചതും കൃത്രിമം കാട്ടിയതുമാണ്.
viii) ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് സുരക്ഷാ
മാനദണ്ഡങ്ങൾ പാലിച്ച് ശേഖരിച്ചില്ല. മിറർ കോപ്പി (Mirror copy) എടുക്കുകയോ, ഹാഷ് വാല്യൂ
(Hash value) ഉണ്ടാക്കുകയോ, ചെയിൻ ഓഫ് കസ്റ്റഡി (Chain of custody) രേഖകൾ സൂക്ഷിക്കുകയോ,
ശാസ്ത്രീയ ഫോറൻസിക് പരിശോധന നടത്തുകയോ ചെയ്തില്ല.
ix) മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ
അസ്വാഭാവികവും സാരവുമായ കാലതാമസം വരുത്തി.
x) രേഖപ്പെടുത്തിയ പ്രഥമവിവര മൊഴി
(First Information Statement - FIS) ഗുരുതരമായ ന്യൂനതകൾ ഉള്ളതായിരുന്നു.
xi) സാക്ഷിമൊഴികൾ വളരെ തരംതിരിച്ച്,
നിർണായക വിവരങ്ങൾ മനഃപൂർവ്വം ഒഴിവാക്കി ചുരുക്കിയ രൂപത്തിലാണ് രേഖപ്പെടുത്തിയത്.
xii) ഇരകൾക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ച്
തെറ്റായ രീതിയിലാണ് വിവരണം നൽകിയിട്ടുള്ളത്.
xiii) തയ്യാറാക്കിയ സംഭവസ്ഥല പ്ലാൻ
(Scene Plan) തികച്ചും പിഴവുകൾ നിറഞ്ഞതായിരുന്നു.
6. പ്രതികൾക്ക് അവിഹിതമായ സഹായം ചെയ്തുകൊടുക്കണമെന്ന ദുരുദ്ദേശ്യത്തോടെ
(malafide intention) ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ മനഃപൂർവ്വം വരുത്തിവെച്ച വീഴ്ചകളാണ്
അന്വേഷണത്തിലെ ഈ അപാകതകൾ എന്നാണ് ഹർജിക്കാരന്റെ ആക്ഷേപം.
7. ഇക്കാര്യത്തിലുള്ള പരാതിയിന്മേൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന
പോലീസ് മേധാവി (DGP) ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, ആവശ്യമായ അന്വേഷണം നടത്താൻ ചുമതലപ്പെടുത്തപ്പെട്ട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.,
കേസുകൾ പാലാ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഹർജിക്കാരൻ കോടതി വഴി
പരിഹാരം തേടണം എന്ന മുടന്തൻ ന്യായം പറഞ്ഞ് അന്വേഷണത്തിൽ നിന്ന് പിൻവാങ്ങുകയാണുണ്ടായത്.
8. കേസുകൾ കോടതിയുടെ പരിഗണനയിലായതിനാൽ ഹർജിക്കാരൻ പാലാ അഡീഷണൽ സെഷൻസ് കോടതിയെ
സമീപിക്കണം എന്ന് W.P.(Crl.) No.1443/2025-ലെ എക്സിബിറ്റ് P23-ൽ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി
സൂപ്രണ്ട് ഓഫ് പോലീസ് പറഞ്ഞിട്ടുള്ള ന്യായീകരണത്തെ സംബന്ധിച്ച്, പാലാ അഡീഷണൽ സെഷൻസ്
കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കുന്നു എന്ന ഒറ്റ കാരണത്താൽ അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ
പ്രസ്തുത ഉദ്യോഗസ്ഥന് യാതൊരു ന്യായീകരണവുമില്ല എന്നാണ് ഈ കോടതിയുടെ വിലയിരുത്തൽ. പ്രസ്തുത
രേഖകൾ കോടതിയുടെ കസ്റ്റഡിയിൽ അല്ലാതിരുന്ന സമയത്താണ് വ്യാജരേഖ ചമയ്ക്കലും തെളിവ് കൃത്രിമത്വവും
നടന്നിട്ടുള്ളതെന്ന് ആരോപിക്കപ്പെടുന്നതിനാൽ, പ്രസ്തുത ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിന്
അന്വേഷണ ഏജൻസിക്ക് യാതൊരുവിധ നിയമതടസ്സവുമില്ല. അതിനാൽ, കേസുകൾ ഇപ്പോൾ പാലാ അഡീഷണൽ
സെഷൻസ് കോടതിയുടെ പരിഗണനയിലാണെന്ന ഒഴികഴിവ് പറഞ്ഞ് അന്വേഷണത്തിൽ നിന്ന് കോട്ടയം ക്രൈംബ്രാഞ്ച്
ഡി.വൈ.എസ്.പി. പിൻവാങ്ങിയ നടപടി തികച്ചും അന്യായവും അവിഹിതവുമാണ്.
9. തുടരന്വേഷണം (Further Investigation) ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയെ
സംബന്ധിച്ച്, അന്വേഷണ ഏജൻസി വരുത്തിവെച്ച നിരവധിയായ വീഴ്ചകൾ ഹർജിക്കാരൻ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതായി
കാണാം. അതിനാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിഞ്ഞോ അറിയാതെയോ വരുത്തിയിട്ടുള്ള ഇത്തരം
ന്യൂനതകളും അപാകതകളും പരിഹരിക്കുന്നതിനായി ഒരു തുടർ അന്വേഷണം നടത്താൻ നിർദ്ദേശം നൽകേണ്ട
ബാധ്യത ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു. കേസിലെ വസ്തുതകളും സാഹചര്യങ്ങളും
കണക്കിലെടുക്കുമ്പോൾ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 202/2024-ൽ നീതിയുക്തവും
കൃത്യവുമായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും, കൂടാതെ വ്യാജരേഖ ചമയ്ക്കലും
രേഖകളിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർക്കെതിരെയുള്ള
അന്വേഷണം നിഷ്പക്ഷവും കാര്യക്ഷമവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട
അധികാരികൾക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ടെന്ന് ഈ കോടതി കരുതുന്നു.
ഉത്തരവ് (In the result): മേൽപ്പറഞ്ഞ സാഹചര്യത്തിൽ, ഈ രണ്ട് റിട്ട് ഹർജികളും ഇനിപ്പറയുന്ന
രീതിയിൽ അനുവദിച്ച് ഉത്തരവാകുന്നു:
(i) ഈ കേസുകളുമായി ബന്ധപ്പെട്ട് പാലാ അഡീഷണൽ
സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള S.C. Nos. 676/2024, 748/2024 എന്നീ കേസുകളുടെ നടപടികൾ
തടസ്സമാകാത്ത രീതിയിൽ, എക്സിബിറ്റ് P20 ഉത്തരവ് പ്രകാരം സംസ്ഥാന പോലീസ് മേധാവി
(DGP) നിർദ്ദേശിച്ച അന്വേഷണം നടത്തുവാൻ W.P.(Crl.) No. 1443/2025-ലെ ഒന്നാം എതിർകക്ഷിക്ക്
(Dy.S.P, Crime Branch, Kottayam) നിർദ്ദേശം നൽകുന്നു.
(ii) മേൽപ്പറഞ്ഞ റിട്ട് ഹർജിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച അന്വേഷണത്തിലെ
അപാകതകൾ പ്രത്യേകമായി പരിഗണിച്ചുകൊണ്ട്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ
202/2024-ൽ ഒരു 'തുടരന്വേഷണം' (Further Investigation) നടത്തുന്നതിനാവശ്യമായ ഉത്തരവുകൾ
പുറപ്പെടുവിക്കാൻ W.P.(Crl.) No. 195/2026-ലെ നാലാം എതിർകക്ഷിക്ക് (Superintendent
of Police, Kottayam) ഇതിനാൽ നിർദ്ദേശം നൽകുന്നു.
(ഒപ്പ് / sd/-)
ജി. ഗിരീഷ്, ജഡ്ജി
(G. GIRISH, JUDGE)
Comments
Post a Comment